കൊല്ലം: സപ്തശതാബ്ദി നിറവിലെത്തിയ ഭാരതത്തിലെ പ്രഥമ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ 697-ാം സ്ഥാപകവാര്‍ഷിക ദിനം പ്രഥമ മെത്രാന്റെ സ്മരണാര്‍ഥം ‘ജോര്‍ദാനൂസ് കത്തലാനി ദിന' മായി നാളെ രൂപത ആഘോഷിക്കും.
വിശുദ്ധ തോമാശ്ലീഹ സ്ഥാപിച്ച പോര്‍ട്ട് കൊല്ലം ശുദ്ധീകരണമാതാ ദേവാലയത്തില്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി നാളെ വൈകുന്നേരം 4.30ന് കൊടിയേറ്റി ത്രിവര്‍ഷ ജൂബിലിയുടെ പ്രാരംഭദിവ്യബലി അര്‍പ്പിക്കും.
കൃതജ്ഞതാ ബലിയില്‍ രൂപതയുടെ മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ സുവിശേഷ പ്രഭാഷണം നടത്തും. ജൂബിലി വിളംബര പ്രഖ്യാപന ശേഷം ജൂബിലി ലോഗോ വികാരി ജനറാൾ മോണ്‍. ബൈജു ജൂലിയന്‍ ഏറ്റുവാങ്ങും.
10ന് വൈകുന്നേരം അഞ്ചിന് കൊല്ലം പട്ടത്താനം ഭാരതരാജ്ഞി ഇടവക ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഹ്രസ്വ ചരിത്രാവതരണം നടത്തും.
എഴുന്നൂറാം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ത്രിവത്സര പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശന് ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിക്കും.
വത്തിക്കാന്റെ ഇന്ത്യന്‍ സ്ഥാനപതിയുടെ പേപ്പല്‍ സന്ദേശം ജൂബിലി കണ്‍വീനര്‍ ഫാ. ജോസഫ് ജോണ്‍ വായിക്കും. രൂപത പിആര്‍ഒ. ഫാ. ലാസര്‍ എസ്. പട്ടകടവ് പരിഭാഷപ്പെടുത്തും. മന്ത്രിമാരായ ഷിബു ബേബി ജോണ്‍, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, രൂപത മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി റോമന്‍ കൊല്ലം മേയര്‍ എ.കെ. ഹഫീസ്, വിഷ്ണു മോഹന്‍ എംഎല്‍എ, സന്യസ്ത പ്രതിനിധി വിമല ഹൃദയസഭയുടെ മദര്‍ ജനറല്‍ സിസ്റ്റര്‍ റെനോറ മേരി, വൈദിക പ്രതിനിധി വികാരി ജനറാൾ മോണ്‍. ബൈജു ജൂലിയന്‍, അല്മായ പ്രതിനിധി പ്രഫ. ബിജു ടെറന്‍സ് അരവിള, കെസിവൈഎം രൂപത പ്രസിഡന്റ് അലക്സ് കെന്നഡി എന്നിവര്‍ പ്രസംഗിക്കും.
700-ാം വാര്‍ഷികാഘോഷ വേളയില്‍ രൂപതയിലെ ഓരോ ഭവനത്തിലേക്കും പ്രയാണം ചെയ്യാനുള്ള ‘ക്രിസ്തുജ്യോതി ജൂബിലിദീപം' ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തെളിയിക്കും. രൂപത മധ്യസ്ഥ കര്‍മല മാതാവിന്റെ ഛായാചിത്രം അനാവരണം ചെയ്യും. കൊല്ലം ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി ജൂബിലി ജ്വാലയും മാതൃചിത്രവും ജനറല്‍ കണ്‍വീനര്‍ ഫാ. സേവ്യര്‍ ലാസറിനെ ഏല്‍പ്പിക്കും.
10ന് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനത്തില്‍ ഇടവകകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും എത്തുന്നവരെ പട്ടത്താനം ഭാരതരാജ്ഞി ദേവാലയങ്കണത്തില്‍ ഇറക്കിയ ശേഷം ചെറിയ വാഹനങ്ങള്‍ ഫാത്തിമ മാതാ നാഷണല്‍ കോളജ് ഗ്രൗണ്ടിലും ബസുകള്‍ ആശ്രാമം മൈതാനത്തും പാര്‍ക്ക് ചെയ്യണമെന്ന് പിആര്‍ഒ ഫാ. ലാസര്‍ എസ്. പട്ടകടവ് അറിയിച്ചു.